റിസര്‍വ് ബാങ്കില്‍ നിന്നും 30,000 കോടി ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : സാമ്ബത്തിക മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെടാനിരിക്കുന്നത്.

വളര്‍ച്ച‌ നിരക്ക് 5% ആയി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവും സര്‍ക്കാരിന്റെ സാമ്ബത്തികസ്ഥിതി പരുങ്ങലിലാക്കിയിരുന്നു. ഇതു മറികടക്കാനാണു റിസര്‍വ് ബാങ്കിനോടു സഹായം തേടുന്നതെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3% എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ഇതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാര്‍ച്ചില്‍ 28,000 കോടി ഇടക്കാല ലാഭവിഹിതം ആര്‍.ബി.ഐ കൈമാറിയതിന് പിന്നാലെയാണിത്. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 28,000 കോടി രൂപയും 2017-18 ല്‍ 10,000 കോടിയും ആര്‍ബിഐ ഇടക്കാല ലാഭവീതമായി നല്‍കി. കഴിഞ്ഞ മാസം ആര്‍ബിഐ ബോര്‍ഡ് 2018-19 ലെ മിച്ചത്തുക 1,23,414 കോടി രൂപയും ബിമല്‍ ജലാന്‍ സമിതി നിര്‍ദേശിച്ച പരിഷ്കരിച്ച സാമ്ബത്തിക മൂലധന സംവിധാനം അനുസരിച്ചുള്ള അധികത്തുക 52,637 കോടി രൂപയും ഉള്‍പ്പെടെ 1,76,051 കോടി രൂപ സര്‍ക്കാരിനു കൈമാറാന്‍ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *