പിറവം പള്ളിയില്‍ ചരിത്രം കുറിച്ച്‌ ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തി

കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ ഹെെക്കോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വിഭാഗം  ചരിത്രം കുറിച്ച്‌ ആരാധന നടത്തി. 1974 ല്‍ മലങ്കരസഭ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളായി വേര്‍പിരിഞ്ഞതിനുശേഷം ആദ്യമായാണ് ഓര്‍ത്തഡോക്സ് പുരോഹിതര്‍ ഇവി​ടെ ആരാധന നടത്തുന്നത്.

മുതിര്‍ന്ന വെെദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴിന് ഫാ. മാത്യൂസ് വാതക്കാട്ട്, ഫാ. മാത്യൂസ് കാഞ്ഞിരക്കാട്ട്, ഫാ. ഏല്യാസ് ചെറുകാട്, ഫാ. എബ്രഹാം കാരമേല്‍ എന്നിവരും സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം ഇടവകാംഗങ്ങള്‍ ആരാധനയ്‌ക്കായി പള്ളിയില്‍ പ്രവേശിച്ചു. 7.30 ന് പ്രഭാത നമസ്‌കാരവും 8.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അര്‍പ്പിച്ചു.

ഇതേസമയത്ത് യാക്കോബായ വിഭാഗം പ്രതിഷേധ സൂചകമായി വലിയപള്ളിക്കുസമീപത്തെ കുരിശുപള്ളിക്ക് മുന്നി​ല്‍ കുര്‍ബാന നടത്തി. ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ എത്തിയപ്പോള്‍ യാക്കോബായ വിഭാഗക്കാര്‍ ചെറുതായി പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കി. പ്രാര്‍ത്ഥനയ്‌ക്കുശേഷം ഇവര്‍ പി​രി​ഞ്ഞുപോയി​.

രാവിലെ 6 മണിക്ക് മൂവാറ്റുപുഴ തഹസീല്‍ദാര്‍ പി.എസ്. മധുസൂദനന്‍നായരും ആര്‍.ഡി.ഒ എ.ടി. അനില്‍കുമാറുമാണ് പള്ളി തുറന്നുകൊടുത്തത്.

ഡിവെെ.എസ്.പി കെ. അനില്‍കുമാര്‍, പിറവം സി.ഐ കെ.എസ്. ജയന്‍, എസ്.ഐ വി.ഡി. റെജിരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പള്ളിയിലും പരിസരത്തും സുരക്ഷ ഒരുക്കി​യിരുന്നു. കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ പൊലീസ് സംരക്ഷണം തുടരും.

ആരാധനയ്‌ക്കുശേഷം ഉച്ചയ്‌ക്ക് 12 ഓടെ തഹസില്‍ദാരും ആര്‍.ഡി.ഒയും ചേര്‍ന്ന് പള്ളിപൂട്ടി മുദ്രവച്ചു. വെെകിട്ട് താക്കോല്‍ കളക്‌ടര്‍ക്ക് കെെമാറി. പള്ളിക്കേസ് നാളെ (ചൊവ്വ ) ഹെെക്കോടതി വീണ്ടും പരിഗണി​ക്കും.

1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവര്‍ക്കും കുര്‍ബാനയില്‍ താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി, ചടങ്ങുകള്‍ തടസപ്പെടുത്താനോ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാനോ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതനുസരി​ച്ച്‌ ഏതാനും ഹി​ന്ദുക്കളും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *