വട്ടിയൂര്‍ക്കാവില്‍ സുരേഷ് കോന്നിയില്‍ കെ. സുരേന്ദ്രന്‍

ന്യൂഡല്‍ഹി: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ, ബി.ജെ.പിയില്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കി അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷാണ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ മത്സരിക്കും. എറണാകുളത്ത് മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. പ്രകാശ്ബാബു, മഞ്ചേശ്വരത്ത് മണ്ഡലം പ്രഭാരിയും സംസ്ഥാന സമിതി അംഗവുമായ രവീശതന്ത്രി കുണ്ടാര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിനെ പിന്‍തള്ളി രണ്ടാമതെത്തിയ കുമ്മനം തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോന്നിയില്‍ കെ.സുരേന്ദ്രനായി ആര്‍.എസ്.എസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 2016ല്‍ മഞ്ചേശ്വരത്ത് നേരിയ ഭൂരിപക്ഷത്തിനു തോറ്റ സുരേന്ദ്രന്‍ അവിടെ വീണ്ടും മത്സരത്തിനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ച രവീശതന്ത്രി കുണ്ടാറിന് കന്നട മേഖലയിലുള്ള സ്വാധീനം നേട്ടമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായ സി.ജി. രാജഗോപാലിന്റേത് നിയമസഭയിലേക്കുള്ള രണ്ടാമങ്കമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു, അരൂരില്‍ മത്സരിക്കുന്ന കെ.പി. പ്രകാശ്ബാബു.

Leave a Reply

Your email address will not be published. Required fields are marked *