പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം:  പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനത്തിനു തിരുവനന്തപുരത്തു ചേർന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. അന്തർസംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പു സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവരുണ്ടാകും.

കമ്മിറ്റിയുടെ ആദ്യ യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയും സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആനമലയാർ, നീരാർ- നല്ലാർ ഡൈവർഷനുകൾ, മണക്കടവ് വിഷയങ്ങളും ഇതേ കമ്മിറ്റി പരിശോധിക്കും. മറ്റു പ്രശ്‌നങ്ങളിൽ പരിഗണിക്കേണ്ട കാര്യങ്ങളുടെ അജൻഡയും കമ്മിറ്റി തീരുമാനിക്കും.

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിനു വൈദ്യുതി നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം മറ്റു വിഷയങ്ങളും ചർച്ച ചെയ്തു പരിഹാരം കാണും. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ആറു മാസത്തിലൊരിക്കൽ യോഗം ചേർന്നു കാര്യങ്ങൾ വിലയിരുത്തും. പാണ്ടിയാർ- പുന്നപ്പുഴ പദ്ധതി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിക്കും.

15 വർഷങ്ങൾക്കു ശേഷമാണ് ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലുമുള്ളത് സഹോദരങ്ങളാണെന്ന ചിന്തയുണ്ടെങ്കിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ടു സംസ്ഥാനങ്ങൾക്കും താൽപര്യമുണ്ട്. അനുയോജ്യമായ ഫോർമുല കണ്ടെത്താനാവും. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങൾ കർഷകരും സഹോദരങ്ങളുമാണെന്ന് എടപ്പാടി പളനിസ്വാമിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *