കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വിലക്കിയിട്ടില്ല: തോമസ് ഐസക്

തിരുവനന്തപുരം: കിഫ്‌ബിയെ ഓഡിറ്റു ചെയ്യുന്നതിൽനിന്ന് സിഎജിയെ ഒരു കാലഘട്ടത്തിലും വിലക്കിയിട്ടില്ലെന്നു ധനമന്ത്രി ടി.എം.തോമസ് ഐസക്. സിഎജിയുടെ അധികാരങ്ങള്‍ വ്യക്തമാക്കുന്ന ഡിപിസി ആക്ട് 14 (1) പ്രകാരം സിഎജി 2018ലും 2019ലും സമ്പൂർണമായ ഓഡിറ്റ് നടത്തിയിട്ടുണ്ട്.

ഒരു ഫയലും ഓഡിറ്റ് ടീമിനു നിഷേധിച്ചിട്ടില്ല. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നു സിഎജി ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. മസാല ബോണ്ട് അടക്കം കിഫ്ബിയുടെ എല്ലാ വരവു ചെലവു കണക്കുകളും സിഎജിക്ക് പരിശോധിക്കാമെന്നും ഇക്കാര്യം വ്യക്തമാക്കി കത്തു കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സിഎജി ഓഡിറ്റു കഥ വിലപോയില്ലെന്നു കണ്ടപ്പോഴാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയിലാകെ അഴിമതിയാണെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് നമ്മുടെ സംസ്ഥാനത്ത് പിഡബ്ല്യുഡി നടപ്പാക്കിയത്. എന്നിട്ടാണ് വൈദ്യുതി ബോർഡ് ഡിഎസ്ആർ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപം ഉന്നയിക്കുന്നത്.

കിഫ്ബി പദ്ധതികളെ വിവാദമാക്കി കുളമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മുഴുവന്‍ പ്രതിപക്ഷവും ഇക്കൂട്ടത്തില്‍ ഇല്ല. ഈ മാന്ദ്യകാലത്ത് കേരളം അല്ലാതെ മറ്റെവിടെയും കിഫ്ബി പോലുള്ള ഉത്തേജന പാക്കേജ് ഇല്ല. കിഫ്‌ബി ഇതുവരെ ധനാനുമതി നൽകിയത് 45,000 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ്. അതിൽ പതിനായിരം കോടിയോളം രൂപയുടെ പദ്ധതികൾ നിർമാണം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *