പിറവം പള്ളി: പളളിവളപ്പില്‍ പൊലീസ്; 67 പേര്‍ക്ക് വിലക്ക്

കൊച്ചി : പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതില്‍ നിന്നും യാക്കോബായ സഭയിലെ 67 പേര്‍ക്കു വിലക്കേര്‍പ്പെടുത്തി. രണ്ടുമാസത്തേക്കാണ് കലക്ടര്‍ ഇവര്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ വൈദികരും ഉള്‍പ്പെടുന്നു. വിലക്കു നേരിടുന്നവരില്‍ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലിലും ഉണ്ട്.

പിരിഞ്ഞു പോകണമെന്ന് പൊലീസ് മൂന്നുവട്ടം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സഭാംഗങ്ങൾ പള്ളിക്കുള്ളിൽ തുടര്‍ന്നതോടെ വിലക്കേര്‍പ്പെടുത്തിയ ആരെങ്കിലും പള്ളിക്കുള്ളിലുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. സുപ്രീംകോടതി വിധി പ്രകാരം പിറവം പള്ളിയിൽ ആരാധന നടത്തുന്നതിനു രാവിലെ ഏഴരയോടെയാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്തനാസിയോസിന്റെ നേതൃത്വത്തിൽ എത്തിയത്.

പ്രധാന ഗേറ്റ് അടച്ചിരുന്നതിനാൽ സംഘത്തിനു പള്ളിമുറ്റത്തു പ്രവേശിക്കാനായില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷയൊരുക്കണമെന്നും പള്ളിക്കുള്ളിലുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവ അടക്കമുള്ള യാക്കോബായ വിശ്വാസികളെ നീക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി മുതൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ തമ്പടിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *