ഉദ്യോഗസ്ഥര്‍ പക്ഷപാതം കാട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ടിക്കാറാം മീണ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലികളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പക്ഷപാതം കാട്ടിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നതിനെതിരെ ബിജെപി പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയം ഉണ്ടാകുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയം പ്രകടിപ്പിക്കാന്‍ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. പരാതിയെ ഗൗരവത്തോടെയാണു കാണുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഒരു ബൂത്തില്‍ 25 മുതല്‍ 40 വരെ വോട്ടര്‍മാര്‍ക്ക് ഒഴിവാക്കല്‍ നോട്ടിസ് കിട്ടിയതായാണ് ബിജെപിയുടെ പരാതി. സിപിഎം അനുഭാവികളായ ബിഎല്‍ഒമാരാണ് ഇതിനു പിന്നിലെന്നും ബിജെപി ആരോപിക്കുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്കു 10 ദിവസം മുന്‍പുവരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം. ഇന്നലെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ക്കു തുടക്കമായി. അവസാന തീയതി ഈ മാസം 30. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 1ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 3. ഒക്ടോബര്‍ 21ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വട്ടിയൂര്‍ക്കാവ് ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം ജില്ലയിലൊട്ടാകെ ബാധകമാണ്. തലസ്ഥാന ജില്ലയായതിനാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പരിധിയില്‍ മാത്രമേ പെരുമാറ്റചട്ടം ബാധകമാകൂ.

 

പെരുമാറ്റച്ചട്ടം ഉണ്ടെന്ന കാരണത്താല്‍ എല്ലാ ഫയലുകളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി അയയ്ക്കേണ്ടതില്ലെന്നു ടിക്കാറാം മീണ പറഞ്ഞു. വിശദീകരണം ആവശ്യമായതു മാത്രം അയച്ചാല്‍ മതി. സര്‍ക്കാര്‍ ഫയലുകള്‍ നോക്കേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മിഷനല്ല, ഉദ്യോഗസ്ഥര്‍ക്കാണ്. കമ്മിഷന്‍ നല്‍കിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കു ഫയലുകളില്‍ തീരുമാനമെടുക്കാം. നിലവിലുള്ള പദ്ധതികള്‍ സര്‍ക്കാരിനു തുടരാം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ മാത്രമേ തടസമുള്ളൂ. പുതിയ പദ്ധതികള്‍ക്കായി എംപിമാര്‍ക്ക് തുക അനുവദിക്കാന്‍ കഴിയില്ല. എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *