കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21-ന്

ന്യൂഡല്‍ഹി: കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21-ന്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഒക്‌ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24-നാണു വോട്ടെണ്ണല്‍. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് വാർത്താസമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബർ 27ന് പുറപ്പെടുവിക്കും. ഒക്ടോബർ നാല് ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഈ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് എംഎല്‍എ പി.ബി. അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കള്ളവോട്ട് ആരോപണവുമായി എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ കെ. സുരേന്ദ്രന്‍ കോടതിയെ സമീപച്ചതിനാൽ ഉപതിരഞ്ഞെടുപ്പ് വൈകി. എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്കു മല്‍സരിച്ച് ജയിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്നവയാണ് കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *