ഭൂമിദാനക്കേസ്: വിഎസിനെതിരായ അപ്പീൽ പിൻവലിച്ചു

തിരുവനന്തപുരം:  കാസര്‍കോട് ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ പ്രതിസ്ഥാനത്തു നിന്നു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേസ് റദ്ദാക്കണമെന്ന മറ്റു പ്രതികളുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെയാണ് നടപടി. ഭൂമിദാനക്കേസില്‍ നിന്ന് വിഎസിനെ ഒഴിവാക്കിയതിനെതിരെ യുഡിഎഫ് സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്. ബന്ധുവായ വിമുക്തഭടൻ സി.കെ.സോമന് കാസർകോട് ജില്ലയിലെ ഷെർണി വില്ലേജിൽ 2.33 ഏക്കർ സർക്കാർ ഭൂമി അനുവദിച്ചതിൽ വഴിവിട്ടു ഇടപെടൽ നടത്തിയെന്നാണ് കേസ്.

അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് വിഎസിനെ മാത്രം ഒഴിവാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍, വിഎസിന്‍റെ പഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ.സുരേഷ്, ഭൂമി ലഭിച്ച ടി.കെ.സോമന്‍, കാസര്‍കോട് മുന്‍ കലക്ടര്‍ എന്‍.‌എ.കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരായ നിയമനടപടികള്‍ തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അഴിമതിരഹിതനായ വ്യക്തിയെ കുരിശിലേറ്റാനുള്ള ശ്രമം വിജയിക്കില്ലെന്നു പറഞ്ഞായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. 2012 ഡിസംബര്‍ 6നു രാവിലെ പുറപ്പെടുവിച്ച ഉത്തരവിന് ഉച്ചയ്ക്ക് തന്നെ സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ നേടി. തുടര്‍ന്ന് അപ്പീലും സമര്‍പ്പിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.കെ.സോമനും സുരേഷും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ്  സര്‍ക്കാര്‍ വിഎസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി പിന്‍വലിച്ചത്‌.

 

Leave a Reply

Your email address will not be published. Required fields are marked *