മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം വേണ്ട, അദ്ദേഹം നാടിനെ സംരക്ഷിക്കും: സൈനിക മേധാവി
ന്യൂഡൽഹി: സൈനിക സേവനത്തിനായി ജമ്മു കശ്മീരിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും, മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കുകയാണ് ചെയ്യുകയെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി, തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകൾ നിറവേറ്റാൻ പ്രാപ്തനാണെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു. ഏതൊരു സൈനികനെയും പോലെ സംരക്ഷകന്റെ റോളാണ് ധോണിക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റാനും ബാധ്യസ്ഥനാണ്. സൈനിക സേവനത്തിനു മുന്നോടിയായി അടിസ്ഥാന പരിശീലനം ധോണി നേടിക്കഴിഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ട്’ – ഒരു ദേശീയ മാധ്യമത്തോട് ജനറൽ റാവത്ത് പ്രതികരിച്ചു.