ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് മമത
കൊല്‍ക്കത്ത: ബംഗാളിലെ വിജയത്തെക്കുറിച്ചു സ്വപ്നം കാണുന്നതിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സ്വന്തം ലോക്സഭാ സീറ്റുകളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തിന്റെ സംസ്കാരത്തെക്കുറിച്ച് ബംഗാളിനു പുറത്തുനിന്നുള്ള ബിജെപി നേതാക്കള്‍ക്കു യാതൊരു വിവരവും ഇല്ലെന്നും മമത പ്രതികരിച്ചു.
ബംഗാളില്‍ ബിജെപിക്കു നേതാക്കളാരുമില്ല. സംസ്ഥാനത്തെ രീതികളും സംസ്കാരവും അറിയാത്ത പുറത്തുനിന്നുള്ളവരെ ബംഗാളിലെത്തിക്കുകയാണ് ബിജെപി ചെയ്യുന്നത്. അവര്‍ക്ക് ബംഗാളിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ബംഗാളിനെക്കുറിച്ചു ചിന്തിക്കുന്നവര്‍ അതിനു മുന്‍പ് അവരുടെ സംസ്ഥാനങ്ങളിലെ കാര്യം നോക്കണം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാരാണസിയില്‍ വിജയിക്കാന്‍ സാധിക്കുമോ?. യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. ഇവര്‍ ബംഗാളിനെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. ബംഗാളിനു സ്വന്തം കാര്യം നോക്കാന്‍ അറിയാം. പുറത്തുനിന്നുള്ളവരെ ബംഗാളിന് ആവശ്യമില്ലെന്നും മമത പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ശക്തി തെളിയിക്കാനാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ റാലി നടത്തി.