നികുതി വര്‍ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലെന്നു തോമസ് ഐസക്ക് സ്വന്തം വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് കെ. ശങ്കരനാരായണന്‍

കോഴിക്കോട്: ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലെന്നു തോമസ് ഐസക്ക് സ്വന്തം വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് മുന്‍ ധനമന്ത്രി കെ. ശങ്കരനാരായണന്‍. 10% വരവുള്ള സംസ്ഥാനത്ത് 17% ചെലവു വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അല്‍പം സത്യസന്ധത പാലിക്കണം. ഇത്രയുംകാലം കൊണ്ട് കേരളത്തിന്റെ സാമ്പത്തികസ്ഥിതി കുളമാക്കി കഴിഞ്ഞു. ആ കുളത്തിന്റെ നടുക്ക് കിണറു കുഴിക്കുകയാണ് ഇത്തവണത്തെ ബജറ്റെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
4000 കോടിയുടെ നികുതി പിരിക്കാനുണ്ടെന്ന് ഐസക് പറയുന്നു. ഉപഭോക്താക്കളുടെ കയ്യില്‍നിന്നു പിരിച്ചെടുക്കുന്ന വില്‍പന നികുതി കച്ചവടക്കാരന്റെ കയ്യിലിരിക്കുകയാണ്. സര്‍ക്കാരിനു കിട്ടേണ്ട ഈ പണം പോലും പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ കുളിച്ചിട്ടുണ്ടെങ്കില്‍പ്പോലും തോമസ് ഐസക് ഇത്തരമൊരു പ്രസ്താവന നടത്തുമോയെന്നും ശങ്കരനാരായണന്‍ ചോദിച്ചു.
55000 കോടി രൂപയുടെ റെയില്‍പാത ആകാശത്തുകൂടെ ഉണ്ടാക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. ഇതിനെ ദിവാസ്വപ്നം എന്നല്ല, കേരളത്തിന്റെ മരണസ്വപ്നം എന്നുവേണം വിശേഷിപ്പിക്കാന്‍. ‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു നടക്കാന്‍മോഹം’ എന്നതാണ് അവസ്ഥ. ഒരു തുള്ളി വെള്ളമില്ലാത്ത പൊട്ടക്കിണറാണ് കിഫ്ബി. അതില്‍നിന്ന് കോടികള്‍ വാങ്ങി പദ്ധതികള്‍ നടത്തുമെന്നാണ് ഐസക്കിന്റെ വാദം. പണ്ട് താന്‍ ധനമന്ത്രിയായിരുന്ന കാലത്ത് എഡിബിയില്‍നിന്ന് വായ്പ ലഭ്യമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വന്ന സായിപ്പിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചതു തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ്. ഇപ്പോള്‍ ‘തരൂ..തരൂ..’ എന്നു പറഞ്ഞ് വിദേശിയുടെ പിറകെ നടക്കുന്നു. ‘തരില്ല..തരില്ല…’ എന്നു പറഞ്ഞ് സായിപ്പ് മുന്നിലോടുകയാണ്.
ഈ പൊളിഞ്ഞ സര്‍ക്കാരിന് ആരെങ്കിലും പണം കടം കൊടുക്കുമോയെന്നും ശങ്കരനാരായണന്‍ ചോദിച്ചു. ഭൂമിക്കു താഴെയും മുകളിലുമുള്ള സകല കാര്യങ്ങളും കേന്ദ്രബജറ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഊതിപ്പെരുപ്പിച്ച വാഗ്ദാനങ്ങള്‍ പരിശോധിച്ചാല്‍ സംസ്ഥാന ബജറ്റിനേക്കാള്‍ അബദ്ധമാണ് കേന്ദ്രബജറ്റെന്നു കെ. ശങ്കരനാരായണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *