രവി പൂജാരി തനിക്കു നേരെ വധഭീഷണി മുഴക്കിയതായി പി.സി. ജോര്‍ജ്
കോട്ടയം: അറസ്റ്റിലായ അധോലോക നായകന് രവി പൂജാരി തനിക്കു നേരെ വധഭീഷണി മുഴക്കിയതായി പി.സി. ജോര്‍ജ് എംഎല്‍എ. രണ്ടാഴ്ച മുന്‍പ് ആഫ്രിക്കയില്‍ നിന്നാണ് എനിക്ക് ഒരു നെറ്റ് കോള്‍ വരുന്നത്. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണു ചോദിച്ചത്. ഞാന്‍ കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണു വിളിച്ചയാള്‍ താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തുന്നത്.
എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നാണു ഭീഷണിപ്പെടുത്തിയത്. ഇതു കേട്ടു ‘നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’എന്ന് അറിയാവുന്ന ഇംഗ്ലിഷില്‍ ഞാനും മറുപടി പറഞ്ഞു- പി.സി. ജോര്‍ജ് വ്യക്തമാക്കി. രണ്ടാമതും ഇതേ നമ്പരില്‍ നിന്നു തന്നെ വിളിച്ചിരുന്നു. ആ വിളിയിലാണ് ഈ കൊട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീകള്‍ക്കെതിരെ സംസാരിച്ചതിനാണെന്ന് എനിക്ക് മനസിലായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.