എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതേ തുടര്‍ന്നു തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.
2017-ലെ മെഡിക്കല്‍ ക്യാംപില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. നേരത്തേ മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നിര്‍ബന്ധമില്ല. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന കൂടി നടത്തിയാകും തീരുമാനമെടുക്കുകയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. ചര്‍ച്ചയില്‍ സമരസമിതി പ്രതിനിധികളായ അംബികാസൂതന്‍ മാങ്ങാട്, മുനീസ, കെ. സെമീറ, അരുണി ചന്ദ്രന്‍, കെ. സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തില്‍ എടുത്ത തീരുമാനങ്ങളും ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടപ്പാക്കും. സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി സമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളടക്കം കാര്യമായെടുക്കുന്നില്ലെന്നും ദയാബായി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ സമരം നിര്‍ത്തിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഞായറാഴ്ച രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതിയും നിലപാടെടുത്തു. ഇതിനു പിന്നാലെയായിരുന്നു സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ചര്‍ച്ചയ്ക്കായി വിളിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം വ്യാപിപ്പിച്ചിരുന്നു. ഞായറാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് സങ്കടയാത്ര നയിച്ചാണ് ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലേക്ക് നീങ്ങിയത്. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *