കേന്ദ്രബജറ്റ്: നികുതി ഇളവുകള്‍ ഒറ്റനോട്ടത്തില്‍
- അഞ്ചു ലക്ഷം രൂപ വരുമാനവും ഒപ്പം നിക്ഷേപങ്ങളായി 1.5 ലക്ഷം രൂപയും നീക്കിവയ്ക്കുന്നവര്‍ക്ക് നികുതിയില്ല (6.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ഇത്തരത്തില്‍ നികുതിയിളവ് നേടാം)
- ശമ്പള പെന്ഷന് വരുമാനക്കാര്‍ക്കുള്ള ഇളവ് 40,000 ല്‍ നിന്ന് 50,000 രൂപയാക്കി. അഞ്ചു ലക്ഷം രൂപ വരെ വരുമാനനികുതി ഒഴിവാക്കലും നിക്ഷേപങ്ങളില്‍ 1.5 ലക്ഷം രൂപ ഇളവും കണക്കാക്കുമ്പോള്‍ പെന്ഷന് വരുമാനക്കാര്‍ക്ക് മൊത്തത്തില്‍ ഏഴുലക്ഷം രൂപ വരെ വരുമാനനികുതി ഇളവ് ലഭിക്കും.
- ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപ പലിശയ്ക്കു സ്രോതസ്സില്‍ നിന്നു നികുതി ഈടാക്കുന്നത്(ടിഡിഎസ്) പതിനായിരത്തില്‍ നിന്ന് 40,000 രൂപയാക്കി.
- വാടക വരുമാനത്തിന് സ്രോതസ്സില്‍ നിന്ന് ഈടാക്കാനുള്ള പരിധി 1.8ലക്ഷത്തില്‍ നിന്ന് 2.4 ലക്ഷമാക്കി.
- സേവിങ്സ് ബാങ്ക് പലിശയിലുള്ള ഇളവ് 10,000 ല്‍ നിന്ന് 40,000 രൂപയാക്കി ഉയര്‍ത്തി.
മുന്‍ ബജറ്റുകളിലും നികുതിദായകര്‍ക്ക് മോദി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 2014 ലെ ബജറ്റില്‍ നികുതിയിളവ് രണ്ടില്‍ നിന്ന് 2.5 ലക്ഷത്തിലേക്ക് ഉയര്‍ത്തിയിരുന്നു. 80 സി പ്രകാരം നല്കുന്ന നികുതി ഇളവുകള്‍ അന്ന് 50,000 ല്‍ നിന്ന് 1.5 ലക്ഷം രൂപയാക്കുകയും ചെയ്തു. ഭവനവായ്പ നല്‍കുന്നവര്‍ക്ക് പലിശയിലുളള ഇളവ് രണ്ടു ലക്ഷം രൂപയാക്കാനും 2014 ല്‍ തീരുമാനമായിരുന്നു.
നിലവില്‍ അറുപതു വയസിനു താഴെയുളള ആദായനികുതിദായകര്‍ക്ക് 2.5 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുന്നത്. 60 മുതല്‍ 80 വയസിനു താഴെവരെ ഈ ഇളവ് 3 ലക്ഷം രൂപയും 80 വയസും അതിനു മേലുമുള്ളവര്ക്ക് 5 ലക്ഷം രൂപയുമായിരുന്നു ഇളവ്.
2017 ലെ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി 2,50,001 മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായനികുതി പത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയിരുന്നു. ഇതിലൂടെ 12,500 രൂപയാണ് അന്ന് നികുതിദായകര്‍ക്ക് ആദായനികുതിയില്‍ ഇളവ് ലഭിച്ചത്