ടി.പി വധക്കേസ് പ്രതി “കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടക്കാമല്ലോ” എന്ന് കോടതി

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ യഥാര്‍ഥ ആരോഗ്യപ്രശ്‌നം എന്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ജയിലില്‍ കിടക്കുന്നതിനുള്ള തടസമെന്താണ് എന്ന് ചോദിച്ച കോടതി, ജയിലില്‍ എത്ര വര്‍ഷം കഴിഞ്ഞു എന്നും ചോദിച്ചു. കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍, ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ സഹായിക്കാന്‍ കൂട്ടുപ്രതികള്‍ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചികില്‍സയ്ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍, കുഞ്ഞനന്തനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉടന്‍ ചികില്‍സിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികിത്സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനു വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്നാരോപിച്ച് ടിപിയുടെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
2012 മേയ് 4നു ടിപിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു കഴിഞ്ഞ 29 മാസത്തിനിടെ 216 ദിവസം പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം. 2016, 2017 വര്‍ഷങ്ങളിലും കൂടുതല്‍ ദിവസങ്ങളിലും കുഞ്ഞനന്തന്‍ പരോളിലായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *