കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട നടപടി: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ജീവനക്കാരെ പിരിച്ചുവിട്ടത് സര്‍ക്കാരും കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കെഎസ്ആര്‍ടിസി എംഡിയെ നിലയ്ക്കു നിര്‍ത്താന്‍ ഗതാഗത മന്ത്രിക്ക് സാധിക്കുന്നില്ല. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ വിധിക്കു സാവകാശം തേടിയതല്ലാതെ പിരിച്ചുവിടാന്‍ പാടില്ലെന്ന വ്യക്തമായ നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഗതാഗത മന്ത്രിയല്ല തച്ചങ്കരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം, എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട നടപടി ക്രമങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് മറുപടി പറഞ്ഞു. കോടതിയുടെ പരിഗണനയിലുളള കാര്യമായതിനാല്‍ കൂടുതല്‍ ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.