സിദ്ധരാമയ്യ സ്ത്രീയുടെ ദുപ്പട്ട വലിച്ചൂരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സ്ത്രീയുടെ ദുപ്പട്ട വലിച്ചൂരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തിങ്കളാഴ്ച മൈസൂരില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് സംഭവം. ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധവുമായി ബി.ജെ.പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. മണ്ഡലത്തിലെ വികസന മുരടിപ്പ് ചോദ്യം ചെയ്ത വനിതയുടെ കൈയില്‍ നിന്നും മൈക്ക് തട്ടിപ്പറിക്കുന്നതിനിടെയാണ് ദുപ്പട്ട താഴെ വീണതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം വിവാദമായതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബി.ജെ.പി നീക്കം. കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നുവെന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം. പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്. അതേസമയം, മണ്ഡലത്തില്‍ യാതൊരു വികസനവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തിനാണ് വോട്ട് ചോദിക്കാന്‍ വരുന്നത് എന്ന ചോദ്യമാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചതെന്നും വിമര്‍ശനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *