മഴക്കെടുതി; പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച്‌ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു

ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

‘കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി വിളിച്ച കാര്യം മുഖ്യമന്ത്രിയും അറിയിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. അതിതീവ്രമഴയും ഉരുള്‍പൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു’, മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *