ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം ; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. കലുചക് സൈനിക സ്‌റ്റേഷന് സമീപത്താണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സൈനിക താവളത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ 1.30ന് മറ്റൊരു ഡ്രോണും കണ്ടെത്തി. ഇതോടെ ജവാന്‍മാര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. എന്നാല്‍, ഇവ ഇരുട്ടിലേയ്ക്ക് മറയുകയായിരുന്നു. ഡ്രോണുകള്‍ കണ്ടെത്താനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ജമ്മു-പഠാന്‍കോട്ട് ദേശീയപാതയില്‍ രണ്ട് ക്വാഡ്‌കോപ്റ്ററുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി പോലീസ് അറിയിച്ചു.

കലുചക് സൈനിക താവളത്തിന് സമീപത്തുകൂടിയാണ് ഡ്രോണുകള്‍ സഞ്ചരിച്ചിരുന്നത്. ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവയ്ക്ക് നേരെ ജവാന്‍മാര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. സംഭവത്തിന് പിന്നാലെ ജമ്മു മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *