ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി. ഇതൊഴിവാക്കണം. ഒരാളുടെ കയ്യില്‍ ഫയല്‍ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

സര്‍ക്കാര്‍ നയം നടപ്പാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍. ഒരു ഫയല്‍ വളരെയധികം പേര്‍ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയല്‍ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയില്‍ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തില്‍ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊള്ളുമ്ബോള്‍ അനാവശ്യമായ ഭയവും ആശങ്കയും ആര്‍ക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ രണ്ടുതവണ നടപ്പാക്കിയതാണ്. ഇത് ഭരണക്രമത്തിന്റെ ഭാഗമായി തീര്‍ക്കണം. സങ്കട ഹരജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്‌നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തെല്ലാം എന്നുകൂടി സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം. ഭരണപരിഷ്‌കരണവും നവീകരണവും തുടര്‍പ്രക്രിയായി നടക്കേണ്ടതാണ്. ഭരണപരിഷ്‌കാര കമ്മീഷനിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടി സ്വീകരിച്ചോ എന്ന് ഒരോ സെക്രട്ടറിയും പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *