ആംബുലൻസ് ഉറപ്പാക്കാൻ താലൂക്ക്തലത്തിൽ 24 മണിക്കൂറും പ്രത്യേക സംഘം

 

ജില്ലയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ടീമിനെ നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ആംബുലൻസുകളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുമെന്നും ആംബുലൻസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷീൽഡ് ടാക്‌സികൾ സെക്കൻഡറി ആംബുലൻസുകളായി ഉപയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.

ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത റവന്യൂ ഓഫിസർ, താലൂക്ക് ആശുപത്രി, പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളിൽ ഏതിലെങ്കിലുമുള്ള മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ, രണ്ട് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ എന്നിവരാണ് ഓരോ ടീമിലുമുണ്ടാകുക. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾക്കും ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്കും ഓരോ ടീമുകളാകും ഉണ്ടാകുക. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകൾക്ക് പ്രത്യേക ടീമുകളുണ്ടാകും. ഓരോ ടീമിനും ഓരോ കൺട്രോൾ റൂമുണ്ടാകും. ഓരോ താലൂക്കിലേക്കും ആവശ്യമായ ആംബുലൻസുകളുടെ ലഭ്യത ഉറപ്പാക്കേണ്ട ചുമതല മോട്ടോർ വാഹന വകുപ്പിനായിരിക്കും. സംഘത്തിലുള്ള മെഡിക്കൽ ഓഫിസർമാർ ടെസ്റ്റിങ് സെന്ററുകൾ, സിഎഫ്എൽടിസി, ഡിസിസി എന്നിവിടങ്ങളിൽനിന്നടക്കമുള്ള ആവശ്യങ്ങൾക്കനുസരിച്ച് ആംബുലൻസസുകൾ അനുവദിക്കും.

ആംബുലൻസുകൾക്കായി ഓരോ താലൂക്കിലും താലൂക്ക് ഓഫിസുകൾക്കടുത്തായി പ്രത്യേക ആംബുലൻസ് ബേസ് സജ്ജമാക്കും. കൃത്യമായ അണുനശീകരണം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളെല്ലാം ഇവിടങ്ങളിൽ കർശനമായി പാലിക്കും. താലൂക്ക് തലത്തിലുള്ള ആംബുലൻസ് ടീമിനെയും കളക്ടറേറ്റിലെ വാർ റൂം അടക്കമുള്ള ജില്ലാതല സംവിധാനങ്ങളേയും ഏകോപിപ്പിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *