സര്‍ക്കാര്‍ പദ്ധതികളെ തദ്ദേശ ജനപ്രതിനിധികള്‍ മനസിലാക്കണം: മന്ത്രി

അതത് നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിവരുന്ന പദ്ധതികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും ആഴത്തില്‍ മനസിലാക്കി വേണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ ഇടപെടലുകള്‍ നടത്താനെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. കാട്ടാക്കട മണ്ഡലത്തില്‍ നടത്തിവരുന്ന ജനകീയ പദ്ധതികള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കിലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആശയവിനിമയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടാക്കടയില്‍ ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട് ഉള്‍പ്പടെയുള്ള ജനകീയ പദ്ധതികളുടെ ഉത്തമ മാതൃകകളാണ്. ഇതില്‍ ജലസമൃദ്ധി പദ്ധതി അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരശേഖരണമുള്ള മണ്ഡലമാണ് കാട്ടാക്കട. ഈ വിവരങ്ങള്‍ ജനോപകാരപ്രദമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള മുതല്‍ക്കൂട്ടായി മാറും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇവ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

‘ശില്‍പശാലയില്‍ സുസ്ഥിരവികസന കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്തും ‘നവകേരള നിര്‍മ്മിതിയും ജനപ്രതിനിധികളും’ എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ജോയ് ഇളമണും ക്ലാസെടുത്തു. കാട്ടാക്കടയില്‍ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി, ഒപ്പം, കൂട്ട് എന്നീ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിവിധ സെഷനുകളിലായി ക്ലാസുകള്‍ നയിച്ചു.

ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമ, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡ്: ഭൂമി ഏറ്റെടുക്കല്‍ നടപടി അടുത്തയാഴ്ച തുടങ്ങും

തലസ്ഥാനത്തിന്റെ ഗതാഗത മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായ പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി അടുത്തയാഴ്ച ആരംഭിക്കും. ഭൂമി ഏറ്റെടുക്കലിന്റെ പുതിയ നിയമപ്രകാരമുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ഇന്നലെ (30) ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡിന്റെ വീതി കൂട്ടി വികസിപ്പിക്കുന്നതിനു കിഫ്ബിയില്‍നന്ന് 100.68 കോടി രൂപ കൈമാറിയിരുന്നു. പേട്ട റെയില്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ വെണ്‍പാലവട്ടം വരെ 14 മീറ്റര്‍ വീതിയിലും വെണ്‍പാലവട്ടം മുതല്‍ ദേശീയപാത ബൈപാസ് സര്‍വീസ് റോഡ് വരെ 12 മീറ്റര്‍ വീതിയിലുമാണു റോഡ് വികസിപ്പിക്കുന്നത്. രണ്ടു സ്ട്രെച്ചുകളിലായി 3.18 കിലോമീറ്ററിലുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലുമായി നവീന രീതിയിലുള്ള ബസ് ഷെല്‍ട്ടറുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയുണ്ടാകും.

റോഡ് ഏറ്റടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിന്റെ അംഗീകാര നടപടികള്‍ പൂര്‍ത്തിയായതായി കളക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. പുതിയ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമുള്ള ഭൂമിയേറ്റെടുക്കല്‍ പ്രഖ്യാപനം വരുന്നതോടെ വില നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കും. സമയബന്ധിതമായിത്തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഗതാഗത പദ്ധതികളുടേതടക്കം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ പട്ടയവും കൈവശാവകാശ രേഖകളും നല്‍കുന്ന നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനു യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

കുടിവെള്ള വിതരണം, ആരോഗ്യം, ഗതാഗതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജനപ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തര പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ബി. സത്യന്‍, കെ. ആന്‍സലന്‍, ഡി.കെ. മുരളി, ജില്ലയില്‍നിന്നുള്ള മറ്റ് എം.എല്‍.എമാരുടെയും, എം.പിയുടേയും പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണ്ണന്തല(ഒരുവാതില്‍കോണം റസിഡന്‍സ് അസോസിയേഷന്‍ പ്രദേശം), അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കന്നുകാലിവനം(ശക്തിപുരം പ്രദേശം) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകരുത്. ഇവയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കുളത്തൂര്‍ ഗവ. കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. രണ്ടിനും വെവ്വേറെ ടെണ്ടറുകള്‍ സമര്‍പ്പിക്കണം. ഫെബ്രുവരി 25 രാവിലെ 11 മണിവരെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറും ഉച്ചയ്ക്കു രണ്ടുവരെ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2210300.

അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നഴ്സിംഗ്(ആയുര്‍വേദം, ബി.ഫാം(ആയുര്‍വേദം) എന്നീ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ച ഓപ്ഷനുകള്‍ പ്രകാരമുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെബ്രുവരി മൂന്നിനകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.സി.എ, ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.ihrd.ac.in എന്ന വെബ്സൈറ്റിലും അതത് പരീക്ഷാ കേന്ദ്രങ്ങളിലും ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2322985, 2322501.

പരിശീലനം ആരംഭിച്ചു

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലനം തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍.എഫ്.ഒ സിദ്ധകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 150 പേര്‍ക്കാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുപരിശീലനം നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ബര്‍മാബ്രിഡ്ജ്, കമാന്‍ഡോ ബ്രിഡ്ജ്, ഗ്രൗണ്ട് മെഷീന്‍, റാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണത്തിലും കമ്മ്യൂണിക്കേഷന്‍, പ്രഥമ ശുശ്രൂഷ, റാഫ്റ്റിംഗ് എന്നിവയിലും പരിശീലനം നല്‍കും. ഫെബ്രുവരി 10 ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാദമിയിലും ജില്ലാ ആസ്ഥാനങ്ങളിലുമായി 1,500 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പങ്കെടുക്കും. അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. യേശുദാസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍മാര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ സിവില്‍ ഡിഫന്‍സ് എസ്.ടി.ഒ കെ.എം ഷാജി അധ്യക്ഷത വഹിച്ചു.

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തണ്ണിപ്പറമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 09.00 മുതല്‍ 05.00 വരെ നാളെ (ഫെബ്രുവരി 01) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *