ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍, വാര്‍ത്തകള്‍..

നാലു പുതിയ സ്‌കൂള്‍ ബസുകള്‍

വര്‍ക്കല നിയോജക മണ്ഡലത്തിലെ നാലു സ്‌കൂളുകള്‍ക്ക് പുതുതായി അനുവദിച്ച സ്‌കൂള്‍ ബസുകളുടെ ഫ്‌ളാഗ് ഓഫ് വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം ‘എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പള്ളിക്കൽ മൂതല ഗവ. എല്‍.പി.എസ്, ഞാറയില്‍ക്കോണം കുടവൂര്‍ മുസ്ലിം എല്‍.പി.എസ്, പകല്‍ക്കുറി ഗവ. എല്‍.പി.എസ്, അയിരൂര്‍ ഗവ. യു.പി.എസ് എന്നീ സ്‌കുളുകള്‍ക്ക് പുതിയ ബസുകള്‍ വാങ്ങി നല്‍കിയത്. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 ബസുകളാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും വിവിധ സ്‌കൂളുകള്‍ക്കായി വാങ്ങി നല്‍കിയത്.

വര്‍ക്കല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എ.ഡി.എം ജി. ജി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ‘നിറക്കൂട്ട്’ പദ്ധതിയിലൂടെ ചിത്രരചന സാമഗ്രികള്‍ വിതരണം ചെയ്യുകയും കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം ഉണ്ടാക്കാന്‍ ‘കൃഷിപാഠം’ പദ്ധതി നടപ്പിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് അവതരണത്തില്‍ സെക്രട്ടറി പറഞ്ഞു. ശിശുദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത പേരൂര്‍ക്കട സ്വദേശി ആദര്‍ശിനെ ജനറല്‍ ബോഡി അനുമോദിച്ചു. ട്രഷറര്‍ അശോക് കുമാര്‍. വി ബഡ്ജറ്റ് അവതരിപ്പിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ബി. എസ് പ്രദീപ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹല്യ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

വാക്ക് ഇന്‍ ഇന്റര്‍വ്യു

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ(ആയുര്‍വേദം) നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.എ.എം.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2320988.

ടെണ്ടര്‍ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബൊലേറോ വാഹനം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള ട്രാവല്‍ ഏജന്‍സികള്‍, വാഹന ഉടമകള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 വൈകിട്ട് മൂന്നുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2429130.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed