അഞ്ചുതെങ്ങ് മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതു ഭക്ഷ്യ- പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണെന്നു ഭക്ഷ്യ വകുപ്പു മന്ത്രി പി. തിലോത്തമന്‍. അഞ്ചുതെങ്ങില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതുവിതരണ വകുപ്പ് നേരിട്ടു സംഭരിച്ചാണു വില്‍പ്പന നടത്തിവരുന്നത്. കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി സപ്ലൈകോ കൊണ്ടുവരുന്ന നവീന ആശയങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുതിയ 37 മാവേലി സ്്‌റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്. മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ചിറയിന്‍കീഴ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷാ തുടങ്ങിയവര്‍ സംബന്ധിച്ചു

ഹരിത ഓഡിറ്റ്; ലോഗോ പ്രകാശനം ചെയ്തു

സര്‍ക്കാര്‍ ഓഫിസുകളിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന ‘ഹരിത ഓഡിറ്റിന്റെ’ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗത്തിന് ലോഗോ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജില്ലയില്‍ ഇതുവരെ 80 സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തിയതില്‍ 62 ഓഫിസുകള്‍ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നേടി. 33 സംസ്ഥാനതല സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് എണ്ണത്തിന് എ ഗ്രേഡും ഏഴ് ഓഫിസുകള്‍ക്ക് ബി ഗ്രേഡും 15 ഓഫിസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു. ജില്ലാ/താലൂക്ക്, തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ 47 സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ 11 ഓഫിസുകള്‍ക്ക് എ ഗ്രേഡും 10 ഓഫിസുകള്‍ക്കു ബി ഗ്രേഡും 16 ഓഫിസുകള്‍ക്കു സി ഗ്രേഡും ലഭിച്ചതായി ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന് അര്‍ഹത ലഭിക്കാത്ത ഓഫീസുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ന്യൂനത പരിഹരിച്ച് പുനഃപരിശോധന നടത്താവുന്നതാണ്. ജില്ലയില്‍ ജനുവരി 20 വരെയാണ് ഹരിത ഓഡിറ്റ് നടത്തുക.

ടെണ്ടര്‍ ക്ഷണിച്ചു

കുളത്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ഉച്ചയ്ക്ക് രണ്ടുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2210300.

Leave a Reply

Your email address will not be published. Required fields are marked *