ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമായി
ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ സ്വപ്നപദ്ധതിയായ ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമാണ് ബൈപ്പാസ് ദേശീയപാതയില്‍ കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേല്‍പാലത്തിനുണ്ട്.
344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിന് പുറമേ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനം അധികമായും ചെലവഴിച്ചു.
1990ല്‍ കേന്ദ്രമന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണന് തറക്കല്ലിട്ട ബൈപാസ് പല കാരണങ്ങളാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് താല്പര്യമെടുത്ത് പ്രതിസന്ധികള്‍ ഓരോന്നായി തരണം ചെയ്താണ് നിര്‍മാണം വേഗത്തിലാക്കിയത്.