അയോധ്യ ക്ഷേത്രനിർമാണ ട്രസ്റ്റ്: മഹന്ത് നൃത്യഗോപാൽ ദാസ് പ്രസിഡന്റ്
ന്യൂഡൽഹി : അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായിയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രഷറർ. ക്ഷേത്ര നിർമാണ സമിതിയുടെ ചെയർമാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ നിയമിച്ചു. മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി എത്രയും വേഗം ക്ഷേത്രം നിർമിക്കുമെന്ന് നൃത്യഗോപാൽ ദാസ് അറിയിച്ചു. രാമക്ഷേത്ര നിർമാണം ആരംഭിക്കേണ്ട തീയതി സംബന്ധിച്ച് അടുത്ത മാസം ചേരുന്ന ക്ഷേത്ര നിർമാണ സമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ട്രസ്റ്റ് അംഗം സ്വാമി വിശ്വ പ്രസന്ന തീർഥ അറിയിച്ചു