ശബരിമല തിരുവാഭരണം; തര്‍ക്കത്തില്‍ സമവായമായില്ല

ന്യൂഡല്‍ഹി: പന്തളം കുടുംബത്തിലെ തര്‍ക്കം പരിഹരിക്കുന്നതിനായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമവായമായില്ല. ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന വാദത്തില്‍ ആര്‍.ആര്‍. വര്‍മ വിഭാഗം ഉറച്ചു നിന്നതോടെ തര്‍ക്കം തുടരുകയായിരുന്നു.

തര്‍ക്ക പരിഹാരത്തിനു പന്തളം കുടുംബത്തിനുള്ളില്‍ ശ്രമം നടക്കുന്നുണ്ടെന്നും അടുത്ത മാസം ആദ്യത്തോടെ നിര്‍വാഹക സംഘത്തിന്റെ ജനറല്‍ ബോഡി യോഗം ചേരുമെന്നും നിര്‍വാഹക സംഘം അറിയിച്ചു. ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്ന നിര്‍വാഹക സംഘം ഏകപക്ഷീയമായ തീരുമാനമെടുക്കുന്നെന്നു ചൂണ്ടിക്കാട്ടി പന്തളം കുടുംബത്തിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടത്.

തുടര്‍ന്ന് തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു വിഭാഗവുമായി ചര്‍ച്ച നടത്താന്‍ അറ്റോര്‍ണി ജനറലിനെ ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിയോഗിക്കുകയായിരുന്നു.

അതേസമയം, പന്തളം കുടുംബത്തിലെ തര്‍ക്കത്തില്‍ കോടതി ഇടപെടുന്നതിലുള്ള അതൃപ്തിയാണ് ഇരുവിഭാഗവും ഇന്നത്തെ യോഗത്തില്‍ അറിയിച്ചതായാണ് സൂചന. തിരുവാഭരണം സൂക്ഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അടുത്താഴ്ച പന്തളത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *