‘മഹ’ചുഴലിക്കാറ്റ് : ശനിയാഴ്ചവരെ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം : ലക്ഷദ്വീപിനടുത്ത് അറബിക്കടലിൽ രൂപപ്പെട്ട് വടക്കുപടിഞ്ഞാറൻ ദിക്കിലേക്ക് നീങ്ങുന്ന ‘മഹ’ ചുഴലിക്കാറ്റിനെ തുടർന്ന് മഴ ശക്തമായതോടെ സംസ്ഥാനം അതീവ ജാഗ്രതയിലായി. കേരള തീരത്ത് പ്രഹരിക്കില്ലെങ്കിലും ‘മഹ’ചുഴലിക്കാറ്റ് ഇന്നലെ വൈകിട്ടോടെ കോഴിക്കോട് ജില്ലയ്ക്ക് 325 കിലോമീറ്റർ അടുത്തു വരെ എത്തി. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം കേരളതീരത്ത് പലയിടത്തും കടലാക്രമണം രൂക്ഷമായി. ആറ് മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല. ശനിയാഴ്ചവരെ മത്സ്യബന്ധനം നിരോധിച്ചു.

ലക്ഷദ്വീപിൽ ഇരുപത്തിനാല് മണിക്കൂർ കൂടി കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. 200ലേറെ പേരെ മാറ്റി പാർപ്പിച്ചു. ലക്ഷദ്വീപിലെ അമിനിയിൽ റെക്കോഡ് മഴയാണ്. മിനിക്കോയി, കൽപേനി, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. ഇന്നലെ ഉച്ചയോടെ മഹ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപ് തീരത്തേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം.

മഴയും കാറ്റും ശക്തമായ ഏഴ് ജില്ലകളിൽ (ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ) ഓറഞ്ച് അലർട്ടും കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകും. ചുഴലിയിൽ കനത്ത നാശത്തിന് സാദ്ധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലർട്ടാണ്. നാലിന് ചുഴലി മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഒമാൻ തീരത്ത് അടിക്കുമെന്നാണ് കരുതുന്നത്.

എറണാകുളം,മലപ്പുറം,തൃശൂർ ജില്ലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. പൊന്നാനിയിൽ കടലാക്രമണത്തിൽ 150 വീടുകളിൽ വെള്ളം കയറി. കൊച്ചിയിലെ തീരപ്രദേശങ്ങളായ ചെല്ലാനം, എടവനക്കാട്, ഞാറയ്ക്കൽ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ കടലാക്രമണം ഉണ്ടായി. ചെല്ലാനത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു. വടകരയിൽ നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയ തൗഫീഖ്, മിലൻ എന്നീ ബോട്ടുകൾ കടലിൽ കുടുങ്ങി. ഇവയിലെ ആറ് തൊഴിലാളികളാണ് തിരിച്ചു വരാത്തത്. ചേറ്റുവയിൽ നിന്ന് ആറ് പേരുമായി പോയ സാമുവേൽ എന്ന വള്ളം തകർന്ന് ഒരാളെയും കാണാതായി. പരിക്കേറ്റ അഞ്ച് പേരെ ക്രിസം നൈറ്റ് എന്ന കൊറിയൻ ചരക്കു കപ്പൽ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡ് കപ്പൽ പുറംകടലിൽ എത്തി ഇവരെ കൊച്ചി തുറമുഖത്ത് എത്തിച്ചു.ചേറ്റുവയിൽനിന്ന് 28ന് ഏഴ് പേരുമായി പോയ ‘തമ്പുരാൻ’ എന്ന ബോട്ടുമായുള്ള ആശയവിനിമയം നഷ്ടമായി.

 

Leave a Reply

Your email address will not be published. Required fields are marked *