കൊച്ചി മേയറെ മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി കൗൺസിലർമാർ

കൊച്ചി∙ കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി രണ്ട് വനിതാ കൗണ്‍സിൽ അംഗങ്ങൾ രംഗത്ത്. മേയറെ മാറ്റാനാണ് തീരുമാനമെങ്കിൽ രാജി വയ്ക്കുകയോ നഗരസഭാ കൗൺസിലിൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുകയൊ ചെയ്യുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് സ്വതന്ത്ര അംഗവും പള്ളുരുത്തി നമ്പ്യാപുരം കൗണ്‍സിലറുമായ ഗീതാ പ്രഭാകരന്‍, യുഡിഎഫ് അംഗവും മാനാശേരിയിലെ കൗണ്‍സിലര്‍ ജോസ് മേരി എന്നിവർ രംഗത്തെത്തിയിരിക്കുന്നത്.

ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണ് മേയറെ മാറ്റണമെന്ന് പറയുന്നതിനു പിന്നിൽ. സൗമിനി ജെയിൻ മികച്ച വനിതാ മേയറാണ്. ഇനി ഒരു പത്തു മാസം കൊണ്ട് പുതിയൊരു മേയർ വന്നാലും ഒന്നും ചെയ്യാൻ സാധിക്കില്ല. വെള്ളക്കെട്ടുണ്ടായി എന്നാണ് പരാതിയെങ്കിൽ വെള്ളക്കെട്ടുണ്ടായ എല്ലാ ഡിവിഷനുകളിലെയും അംഗങ്ങളും രാജിവയ്ക്കണം. വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങൾ മേയർക്ക് പിന്തുണയുമായി എത്തുമെന്നും ഇവർ പറഞ്ഞു.

മേയറെ മാറ്റുകയില്ലെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വം ഈ ആവശ്യവുമായി മുല്ലപ്പള്ളിയെ കണ്ടിരുന്നു. ബെന്നി ബഹന്നാൻ എംപി ഉൾപ്പടെയുള്ളവരാണ് കെപിസിസി പ്രസിഡന്റിനെ കണ്ടത്. മേയർ സ്ഥാനം രണ്ടര വർഷം കഴിയുമ്പോൾ മറ്റൊരാൾക്കു കൈമാറുമെന്നായിരുന്നു ആദ്യമുള്ള ധാരണ.

Leave a Reply

Your email address will not be published. Required fields are marked *