മരട്: നിസഹായത ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ കഴിയാവുന്ന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണ. നിയമവിദഗ്ധരുമായി ആലോചിച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി അറ്റോർണി ജനറലിന്റെ ഉപദേശം തേടും. ആവശ്യമെങ്കിൽ സർവകക്ഷിസംഘം കേന്ദ്രസർക്കാരിനെ സമീപിക്കും.

ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് യോഗത്തിലുണ്ടായത്. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാമെങ്കില്‍ മരടില്‍ വിധി നടപ്പിലാക്കുന്നതില്‍ എന്താണ് തടസമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കിയതിലൂടെ ഇടതു മുന്നണി ധാരാളം പഴികേട്ടു. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണം. അവിടെ താമസിക്കുന്നവര്‍ക്ക് നിര്‍മാതാക്കളില്‍നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കണം. നഷ്ടപരിഹാരം ഈടാക്കാന്‍ നിയമനിര്‍മാണം വേണമെന്നും കാനം പറഞ്ഞു.

ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. ഫ്ലാറ്റുകള്‍ പൊളിച്ചാല്‍ നിരവധിപേരെ ബാധിക്കും. ആയുഷ്ക്കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത സമ്പാദ്യം കൊണ്ടാണ് മിക്കവരും ഫ്ലാറ്റുകള്‍ വാങ്ങിയത്. ഭൂരിഭാഗംപേരും ഇടത്തരക്കാരാണ്. കിടപ്പാടം നഷ്ടപ്പെട്ടാല്‍ പലരുടേയും ജീവിതം നഷ്ടപ്പെടും. കയറിക്കിടക്കാന്‍ പലര്‍ക്കും വേറെ വീടില്ല. ഫ്ലാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കണം. ഫ്ലാറ്റുകള്‍ പൊളിക്കേണ്ടിവന്നാല്‍ നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

റ്റുകളുടെ നിര്‍മാണം വിവാദത്തിലായതും, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലവും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. സുപ്രീംകോടതി വിധിയായതിനാല്‍ സംസ്ഥാനത്തിനു നടപടികളെടുക്കുന്നതിനു പരിമിതികളുണ്ട്. ഫ്ലാറ്റുടമകളുടെ ആശങ്ക മനസിലാക്കുന്നതായും ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *