പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗം: എസ്.ജയശങ്കർ

ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഒരു ദിവസം അത് ഇന്ത്യയുടെ തന്നെ നിയന്ത്രണത്തിലാകുമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ജമ്മു കശ്മീർ വിഷയത്തിലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ആളുകൾ എന്തു പറയുമെന്ന ആശങ്ക വേണ്ട. രണ്ടാം മോദി സർക്കാര്‍ 100 ദിനങ്ങൾ പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

370–ാം വകുപ്പ് അല്ല, പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരതയാണു പ്രധാന പ്രശ്‌നം. ലോകത്ത് ഏതെങ്കിലും രാജ്യം അയല്‍രാജ്യത്തിനെതിരെ ഭീകരതയെ നയമായി സ്വീകരിച്ചിട്ടുണ്ടോയെന്ന് ജയശങ്കര്‍ ചോദിച്ചു. പാക്കിസ്ഥാൻ ഭീകരതയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. 1972 മുതൽ ഇന്ത്യയുടെ നിലപാടു വ്യക്തമാണ്. എന്നാൽ അവരുടെ പെരുമാറ്റത്തിൽ അസാധാരണത്വമുണ്ട്.

ഈ മാസം അവസാനം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോൾ ഇപ്പോൾ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാലാവസ്ഥ അതിന് ഉത്തരം നൽകുമെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ മറുപടി

 

Leave a Reply

Your email address will not be published. Required fields are marked *