ശിവകുമാറിന്റെ ആരോഗ്യം പ്രധാനമെന്ന് കോടതി

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്ച വരെ നീട്ടി. എന്നാൽ ശിവകുമാറിന്റെ ആരോഗ്യത്തിന് അന്വേഷണ ഏജൻസി മുഖ്യപ്രാധാന്യം നൽകണമെന്നു ഡൽഹി കോടതി നിർദേശിച്ചു. എൻഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റാണ് ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

ശിവകുമാറിനെ ചോദ്യം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചേ മതിയാകൂവെന്നു കോടതി ഇഡി ജോയിന്റ് ഡയറക്ടറോടു നിർദേശിച്ചു. ഒൻപതു ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ ശിവകുമാറിനു ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‍വി കോടതിയിൽ വാദിച്ചു. ശിവകുമാറിന്റെ രക്തസമ്മർദമുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ കസ്റ്റഡി അഞ്ച് ദിവസം കൂടി വേണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.

ചോദ്യങ്ങളിൽനിന്നെല്ലാം ശിവകുമാർ ഒഴിഞ്ഞു മാറുകയാണെന്ന് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു. ശിവകുമാറിന് 800 കോടിയുടെ ബെനാമി സ്വത്തുക്കൾ ഉണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറൽ കെ.എം. നടരാജ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ നിയമം അനുസരിക്കാന്‍ തയാറാണെന്നും എല്ലാ രേഖകളും ഇഡിക്കു നൽകാമെന്നും ശിവകുമാർ പറഞ്ഞു. അഞ്ച് അക്കൗണ്ടുകള്‍ മാത്രമാണു സ്വന്തമായുള്ളത്. എന്നാൽ അന്വേഷണ സംഘം പറയുന്നത് 317 അക്കൗണ്ടുകളുണ്ടെന്നാണെന്നും ശിവകുമാർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *