ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ

ന്യൂഡൽഹി : ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി (തെലുങ്ക്ദേശം പാർട്ടി) നേതാവുമായ ചന്ദ്രബാബു നായിഡുവും മകനും നിരവധി പാർട്ടി പ്രവർത്തകരും വീട്ടുതടങ്കലിൽ. വിജയവാഡയിലെ വീട്ടിലാണ് ചന്ദ്രബാബു നായിഡുവിനെയും മകന്‍ നാരാ ലോകേഷിനെയും തടങ്കലിലാക്കിയത്. ടിഡിപി നേതാക്കളായ മുന്‍ മന്ത്രിമാരും വിവിധ സ്ഥലങ്ങളില്‍ പൊലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാന സർക്കാരിനെതിരെ ബുധനാഴ്ച നടത്തുന്ന വൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാതിരിക്കാനുള്ള കരുതൽ നടപടിയെന്ന നിലയിലാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. നടപടിയിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു ബുധനാഴ്ച രാത്രി എട്ടു വരെ ഉപവാസം അനുഷ്ഠിക്കും. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകർ, ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ടിഡിപി വൻ പ്രതിഷേധം നടത്താൻ തയാറെടുത്തത്. അമരാവതിയിൽ നിന്ന് 240 കിലോമീറ്റർ അകലെ ആത്മാകൂറിലാണ് പ്രതിഷേധം നടത്താൻ നിശ്ചയിച്ചിരുന്നത്. എട്ടു ടിഡിപി പ്രവർത്തകർ കൊല്ലപ്പെട്ടെന്നും നിരവധി പ്രവർത്തകർക്ക് ഭീഷണിയുണ്ടെന്നും ടിഡിപി നേതാക്കൾ ആരോപിച്ചു.

ടിഡിപിയുടെ പ്രതിഷേധത്തിനു ബദലായി വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും ബുധനാഴ്ച പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് അക്രമങ്ങൾ നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. അക്രമങ്ങളിൽ കൂടുതൽ ദുരിതമനുഭവിച്ചത് ആത്മാകൂർ, പലനാട് എന്നിവിടങ്ങളിലെ ജനങ്ങളാണെന്നും അനുഭവം പങ്കുവയ്ക്കാൻ ആളുകൾ മുന്നിട്ടിറങ്ങണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. വൈഎസ്ആർ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അവരുടെ ഗ്രാമങ്ങളിൽ നിന്നു പുറത്താക്കിയെന്നും വ്യാജ കേസുകൾ അവർക്കെതിരെ ചുമത്തിയെന്നും പാർട്ടി നേതൃത്വം ആരോപിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *