കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് അടുത്തമാസം

ടൊറന്റോ: കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബുധനാഴ്ച, ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർഥിച്ചത്. ഇതോടെ ഒക്ടോബർ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണം ആംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത്. 338 അംഗ പാർലമെന്റിൽ നിലവിൽ ലിബറൽ പാർട്ടിക്ക് 177ഉം കൺസർവേറ്റീവ് പാർട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170 സീറ്റുകൾ ലഭിച്ചാൽ ഭരണം നേടാം.

ലിംഗസമത്വത്തിന്റെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് 2015 നവംബറിൽ അധികാരത്തിലേറിയ ട്രൂഡോയ്ക്ക് എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര നിസ്സാരമാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നും ലിബറൽ സർക്കാരിനു കീഴിൽ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നിൽ കൂടുതൽ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രവും ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നു.

രാജ്യത്തെ ഒരു കെട്ടിട നിർമാണ കമ്പനിയെ അഴിമതിക്കേസിൽ വിചാരണ നേരിടുന്നതിൽ‌ നിന്ന് ഒഴിവാക്കാൻ ട്രൂഡോ നിയമമന്ത്രിക്കു മേൽ സമ്മർദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനത്തത്. പ്രധാനമന്ത്രിയുടെ ധാർമികത കൈമോശം വന്നെന്നും അദ്ദേഹം വിശ്വാസിക്കാൻ കൊള്ളാത്ത മനുഷ്യനാണെന്നു തെളിഞ്ഞെന്നുമാണ് പ്രതിപക്ഷ നേതാവ് ആൻഡ്രൂ ഷീർ ബുധനാഴ്ച ഇതിനോടു പ്രതികരിച്ചത്. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ട്രൂ‍‍‍‍ഡോ ഒഴിഞ്ഞു മാറിയതും പ്രതിഷേധത്തിനിടയാക്കി.

Leave a Reply

Your email address will not be published. Required fields are marked *