പാക്കിസ്ഥാന് തിരിച്ചടി ; കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ

ജനീവ : കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യുഎന്‍ നിലപാടെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥതയ്ക്ക് ഇല്ല. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി.

ജി–7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സെക്രട്ടറി ജനറൽ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളിക്കൊണ്ടാണ് യുഎന്നിന്റെ മറുപടി.

ഇതു രണ്ടാം തവണയാണ് കശ്മീർ വിഷയത്തിൽ തന്റെ നിലപാട് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കുന്നത്. കശ്മീർ പ്രശ്നം അന്താരാഷ്ട്രവിഷയമായി ഉയർത്തി കാട്ടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയാണ് യുഎന്‍ നിലപാട്. ജമ്മു കശ്മീരിലെ നടപടികൾ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കഴിഞ്ഞ ദിവസം ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *