പരിഷ്കൃത രീതിയിലെങ്കിൽ ഭീകരതയെക്കുറിച്ചു ചർച്ച: പാകിസ്ഥാനോട് ഇന്ത്യ

സിംഗപ്പൂർ: പരിഷ്കൃത രീതിയിലെങ്കിൽ ഭീകരതയെക്കുറിച്ചു പാക്കിസ്ഥാനുമായി സംസാരിക്കാൻ തയാറാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എന്റെ തല തോക്കിൻമുനയിൽ നിർത്തിയല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം സിംഗപ്പൂരിൽ പറഞ്ഞു. മിന്റ് ഏഷ്യ ലീഡർഷിപ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.

ഏതെങ്കിലും പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ അതുണ്ടാകേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. എന്നാൽ അത് എന്റെ തലയില്‍ തോക്കു വയ്ക്കാതെയാണു നടത്തേണ്ടത്– അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ സൂചിപ്പിച്ച് ജയശങ്കർ പറഞ്ഞു. പരിഷ്കൃതരായ രണ്ട് അയൽക്കാരെപ്പോലെയെങ്കിൽ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസുമായുള്ള വ്യാപാര വിഷയത്തിൽ തന്നെ അസ്വസ്ഥമാക്കുന്ന ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു രാജ്യവുമായി വ്യാപാരത്തിലേർപെടുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. എങ്ങനെയാണ് ഇതിനെ നേരിടുന്നതെന്നതാണു പ്രധാനം. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുമെന്നാണു വിശ്വാസം. ആസിയാൻ രാഷ്ട്രങ്ങളും ആഫ്രിക്ക ഉൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യയ്ക്കു താൽപര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *