കശ്മീർ വിഷയത്തിൽ മൂന്നാമതൊരാൾ ഇടപെടേണ്ടെന്ന് കടുപ്പിച്ച് പ്രധാനമന്ത്രി

റഷ്യ : കശ്മീർ വിഷയത്തിൽ മൂന്നാമതൊരാൾ ഇടപെടേണ്ടെന്ന കാര്യം അടിവരയിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ സന്ദർശനത്തിനിടെ അഫ്ഗാനിസ്ഥാനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കവെയാണ് കശ്മീർ പരസ്യമായി പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസ്താവന. ജനാധിപത്യപരവും ശക്തവുമായ ഒരു അഫ്ഗാനിസ്ഥാനെ കാണാനാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കും താൽപര്യം. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിലപാടെടുത്തിരിക്കുന്നത്, അതിൽ അഫ്ഗാനിസ്ഥാനും ഉൾപ്പെടും– മോദി പറഞ്ഞു

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണവ–പ്രതിരോധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനു ശേഷമുള്ള ആദ്യത്തെ മോദി–പുടിന്‍ കൂടിക്കാഴ്ചയാണിത്

കശ്മീർ വിഷയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ആശങ്ക അറിയിച്ചുകൊണ്ടുള്ള പ്രസ്താവനകൾ വന്നതിനു പിന്നാലെയാണ് മോദിയുടെ വാക്കുകൾ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു മൂലം എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങൾ അവിടെ ഉണ്ടാകുന്നുണ്ടെങ്കിൽ അതു കൃത്യവും വ്യക്തവുമായി അന്വേഷിക്കേണ്ടതാണെന്നു യുകെ പാർലമെന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മറ്റു രാജ്യങ്ങളുടെ ഇടപെടലുകൾക്കു തടയിടാനാണ് ഇപ്പോൾ  മോദിയുടെ അഫ്ഗാൻ പരാമർശമെന്നാണു വിലയിരുത്തൽ. കശ്മീർ വിഷയത്തിൽ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. കശ്മീരിൽ ഇന്ത്യ കൊണ്ടുവരുന്ന മാറ്റങ്ങളെല്ലാം ഇന്ത്യൻ ഭരണഘടനയുടെ പരിധിയിലുള്ളതാണെന്നാണ് റഷ്യയുടെ നിലപാട്. ഇന്ത്യയും റഷ്യയും ഒരുമിച്ചു നിൽക്കേണ്ട ആവശ്യം എവിടെയൊക്കെ ഉണ്ടാകുമോ, അവിടെയൊക്കെ ഒരുമിച്ചു പ്രവർത്തിക്കും. പ്രാദേശിക, രാജ്യാന്തര സഹകരണം മാത്രമല്ല, ആർടിക്, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഇരു രാജ്യങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *