സുപ്രീം കോടതി വിധിക്കെതിരെ  പ്രസ്താവന നടത്തിയ നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസിലും പരാതി

കൊല്ലം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയ നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസിലും പരാതി.

ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസില്‍ പരാതി നല്‍കിയത്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അപമാനിച്ച കൊല്ലം തുളസിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പ്പിള്ള അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്.

തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷന്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *