ഓണച്ചന്തക്ക് തുടക്കം

മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം

ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ അവനവഞ്ചേരി ഗ്രാമത്തുംമുക്കില്‍ പുതുതായി അനുവദിച്ച മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 4) വൈകിട്ട് 4.30ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ബി. സത്യന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ് രേഖ, ജനപ്രതിനിധികള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍ സതീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.

(പി.ആര്‍.പി. 1007/2019)
ഓണച്ചന്തക്ക് തുടക്കം

ജില്ലാ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ ഓണച്ചന്ത ആരംഭിച്ചു. കെറ്റ്‌കോ ചെയര്‍മാന്‍ എന്‍. രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 21 ഇനം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് 930 രൂപയാണ് വില. വാങ്ങാനെത്തുന്നവര്‍ റേഷന്‍കാര്‍ഡ് കരുതണം. സെപ്റ്റംബര്‍ അഞ്ച് വരെ ഓണച്ചന്ത പ്രവര്‍ത്തിക്കും. ചടങ്ങില്‍ എ.ഡി.എം വി. ആര്‍ വിനോദ്, റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് ആര്‍. സന്തോഷ്‌കുമാര്‍, സെക്രട്ടറി വി. സാബു, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുധാകരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(പി.ആര്‍.പി. 1008/2019)
അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ചേന്നമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററില്‍ കൈത്തറി നെയ്ത്ത്, തയ്യല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 16 വൈകിട്ട് അഞ്ച് മണിക്കു മുന്‍പായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തിക്കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ചേന്നമ്പാറ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557, 9496070346, 9496737851.
(പി.ആര്‍.പി. 1009/2019)
വിത്ത് പേനയും വിത്ത് ‘ബോംബും’ വിതരണം ചെയ്തു

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കിളിമാനൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍ തയ്യാറാക്കിയ വിത്ത് പേനയുടെയും വിത്ത് ബോംബിന്റെയും വിതരണോദ്ഘാടനം അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു. മണ്ണും ചകിരിച്ചോറും ചാണകവും വിത്തും ചേര്‍ത്ത് ഉരുളയാക്കി കുട്ടികള്‍ നിര്‍മിച്ച വിത്ത് ബോംബ് അവരുടെതന്നെ വീട്ടുപരിസരത്ത് നിക്ഷേപിക്കും.  ഇതിനുള്ളിലെ വിത്ത് കാലക്രമേണ മുളയ്ക്കുകയും ഫലവൃക്ഷമായി മാറുകയും ചെയ്യും. പേപ്പര്‍ പേനയില്‍ വിത്ത് നിറച്ചാണ് വിത്ത് പേന നിര്‍മിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്ന പേനകളില്‍ നിന്നും തൈകളുണ്ടാകും. പ്ലാവ്, ഞാവല്‍, ആഞ്ഞിലി, പുളി എന്നിവയുടെ വിത്തുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. അധ്യാപികയായ ഷംനയാണ് വിത്ത് ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയത്.  അധ്യാപകര്‍ നേതൃത്വം നല്‍കി. കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(പി.ആര്‍.പി. 1010/2019)

വൈദ്യുതി മുടങ്ങും

തൈക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കിള്ളിപ്പാലം നമ്പര്‍ 2 ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള പ്രദേശങ്ങളില്‍  ഇന്ന് (സെപ്റ്റംബര്‍ 4) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗീകമായോ മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 1011/2019)

Leave a Reply

Your email address will not be published. Required fields are marked *