മോദിയെ എപ്പോഴും പൈശാചികവൽക്കരിക്കുന്നത് ഗുണം ചെയ്യില്ല: ജയറാം രമേശ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ മാതൃക പൂർണമായും മോശമായ കഥയല്ലെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. നരേന്ദ്ര മോദിയുടെ പ്രവർത്തനം അംഗീകരിക്കാതിരിക്കുന്നതും അദ്ദേഹത്തെ എപ്പോഴും പൈശാചികവൽക്കരിക്കുന്നതും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2014നും 2019നുമിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനവും മുപ്പതു ശതമാനം ജനങ്ങളുടെ പിന്തുണയോടെ അദ്ദേഹം വീണ്ടും ഭരണത്തിലേറിയതും തിരിച്ചറിയണം. ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഷയാണ് മോദിയുടെ പ്രത്യേകത. ജനങ്ങൾ തിരിച്ചറിയുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ടെന്നും മുൻപു ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും അതിലുൾപ്പെടുമെന്നും തിരിച്ചറിയാതിരുന്നാൽ അദ്ദേഹത്തെ എതിരിടാനാവില്ല.

മോദിയെ പ്രകീർത്തിക്കുകയോ പുകഴ്ത്തുകയോ ചെയ്യേണ്ടതില്ല, എന്നാൽ ഭരണതലത്തിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാൻമന്ത്രി ഉജ്വല യോജന പോലുള്ള പദ്ധതികൾ കോടിക്കണക്കിന് സ്ത്രീകൾക്കു പ്രയോജനപ്രദമായി’ – ജയറാം രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *