കശ്മീരിലെ സാഹചര്യം കഠിനം: ട്രംപ്

വാഷിങ്ടൻ : കശ്മീരിൽ സങ്കീർണവും കഠിനവുമായ സാഹചര്യമാണുള്ളതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം കുറയ്ക്കാൻ ഇന്ത്യയും പാക്കിസ്ഥാനും മുന്നോട്ടുവരണം. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് പറഞ്ഞു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഒഴിവാക്കിയ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും അക്രമം പ്രോൽസാഹിപ്പിക്കാനുള്ള നടപടികളും സമാധാനത്തിനു സഹായകരമല്ലെന്നു ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ട്രംപ്, പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും ഫോണിൽ സംസാരിച്ചു. തുടർന്നാണു നിലപാട് വ്യക്തമാക്കിയത്.

‘നരേന്ദ്ര മോദി, ഇമ്രാൻ ഖാൻ എന്നീ രണ്ടു നല്ല സുഹൃത്തുക്കളോടും സംസാരിച്ചു. വ്യാപാരം, തന്ത്രപ്രധാന ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. കശ്മീരിലെ സംഘർഷ സാഹചര്യം കുറയ്ക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണം. കഠിനമായ സാഹചര്യമാണ്. എന്നാലും നല്ല സംഭാഷണമായിരുന്നു.’– ട്രംപ് പറഞ്ഞു. അരമണിക്കൂറോളം നീണ്ട സംഭാഷണമായിരുന്നു മോദിയും ട്രംപും തമ്മിലുണ്ടായത്. കഴിഞ്ഞ ജൂണിൽ ഒസാക്കയിൽ ജി–20 ഉച്ചകോടിയുടെ വേദിയിൽ ഇരുവരും നടത്തിയ ചർച്ചയും പരാമർശിക്കപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *