കശ്മീരിൽ വീണ്ടും അക്രമങ്ങള്‍; നിയമം കർശനമാക്കി; ഇന്റർനെറ്റ് നിലച്ചു

ന്യൂഡൽഹി:  ജമ്മു കശ്മീരിൽ നിശാനിയമത്തിൽ ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇടക്കാലത്ത് കശ്മീരിൽനിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകൾ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഹമ്മദ് സിദ്ദിഖ് ദലാൽ (78), സമീർ ഹുസൈൻ ഖുദ്‍രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീനഗറിൽ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെയാണു സമീപത്തുണ്ടായിരുന്ന ഇവർക്കു പരുക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങളെത്തുടർന്നു വീണ്ടും നിർത്തി. കശ്മീർ താഴ്‍വരയിലെ‍ 190 സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും അധികം വിദ്യാർഥികളെത്തിയില്ല. പലയിടത്തും അധ്യാപകർ എത്തി. ശ്രീനഗറിലും താഴ്‍വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. അപൂർവം വാഹനങ്ങളാണു നിരത്തിലിറങ്ങിയത്.

ബാരാമുള്ള, സോപോർ, സിങ്പുര, പൽഹാലൻ, പഠാൻ എന്നിവിടങ്ങളിൽ ഇളവുകളൊന്നും നൽകിയിട്ടില്ല. മറ്റിടങ്ങളിൽ നിശാനിയമത്തിൽ ഇളവു നൽകിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ ജിഎസ്ടി റിട്ടേണുകൾ നൽകാനുളള സമയം കശ്മീരിൽ നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *