രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാരിനു വീഴ്ച: ശ്രീധരൻപിള്ള

കോഴിക്കോട് : ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. അതേസമയം വയനാട് മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം മാതൃകാപരമായി നടക്കുന്നുണ്ട്. കവളപ്പാറയിൽ തിരച്ചിൽ നടത്താൻ ആധുനിക സംവിധാനങ്ങളൊന്നുമില്ല. ആവശ്യത്തിനു മണ്ണുമാന്തിയന്ത്രങ്ങൾ പോലുമില്ല. റവന്യുവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ല.

മനുഷ്യജീവനു വിലകൽപ്പിക്കാത്ത സമീപനമാണു സർക്കാരിന്റേത്. മുഖ്യമന്ത്രി അടിയന്തരമായി പുത്തുമലയിലും കവളപ്പാറയിലും സന്ദർശനം നടത്തണം. കവളപ്പാറയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു മന്ത്രിയെ ചുമതലപ്പെടുത്തണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നു ചില സംഘടനകളെ മാറ്റിനിർത്തുന്ന സമീപനം മുഖ്യമന്ത്രി ഒഴിവാക്കണം. പല ക്യാംപുകളും സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലാണ്. ക്യാംപുകളിൽ ആർഎസ്എസുകാർക്കു പ്രവേശനമില്ല. ക്യാംപുകളിലെത്തിയ ബിജെപി പ്രവർത്തകർക്കു മർദനമേറ്റു. ആര്‍എസ്എസ് സഹായം വേണ്ടെങ്കില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്എസുകാരല്ലേ എന്നു ശ്രീധരൻപിള്ള ചോദിച്ചു. ക്യാംപുകളെ കലാപഭൂമിയാക്കരുത്. ദുരന്തത്തെ ഒരുമിച്ച് നിന്നാണു നേരിടേണ്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞതു എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി ആലോചിക്കണം.

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിനു സൈന്യമെത്തിയതു താൻ ആവശ്യപ്പെട്ടിട്ടാണെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം കളവാണ്. മറ്റു സംസ്ഥാനങ്ങളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്താത്തതു ഇവിടുത്തെ സാഹചര്യം സംസ്ഥാന സർക്കാർ അറിയിക്കാത്തതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകരുതെന്നു പ്രചാരണം നടത്തുന്നതു ശരിയല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *