ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു ; സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസുമായി ബന്ധപ്പെട്ട്‌ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു.  വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് 1969 ലെ റൂള്‍ 3(3) അനുസരിച്ചാണ് സസ്പെന്‍ഷന്‍. ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് 1969 ലെ റൂള്‍ 4 അനുസരിച്ച് ശ്രീറാം അലവന്‍സുകള്‍ക്ക് അര്‍ഹനായിരിക്കും.

പഠനാവധി കഴിഞ്ഞ് തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടറായി നിയമിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പ്രോജക്ട് ഡയറക്ടര്‍  – കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍,  സെക്രട്ടറി – കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ തസ്തികകളും നല്‍കിയിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് പൊലീസ് സെല്ലിലാണ് ശ്രീറാം.

കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മ്യൂസിയം എസ്ഐ: ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്തു. അപകടം നടന്നശേഷം എഫ്ഐആര്‍ കൃത്യമായി േരഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീറാമിന്റെ രക്തസാംപിൾ കാലതാമസം വരാതെ പരിശോധിക്കുന്നതിനു നടപടിയെടുത്തില്ല, മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനു പകരം ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ശരിയാണെന്നു ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. ഇപ്പോഴത്തെ സംഘത്തെമാറ്റി പകരം എഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഉദ്യോസ്ഥരും പൊലീസ് സംഘത്തിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *