പേർഷ്യൻ ഉൾക്കടലിൽ പ്രകോപനം ശക്തമാക്കി ഇറാൻ

ടെഹ്റാൻ: ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത് പേർഷ്യൻ ഉൾക്കടലിൽ പ്രകോപനം ശക്തമാക്കി ഇറാൻ. കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിനു വടക്കായി ഫർസി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കപ്പൽ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്.

ഏകദേശം ഏഴു ലക്ഷം ലീറ്റർ എണ്ണയാണ് ‘കള്ളക്കടത്ത്’ നടത്തിയതെന്ന് ഇറാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ രാജ്യാന്തര തലത്തിൽ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മുതൽ പലപ്പോഴായി ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിനു സമീപം ബ്രിട്ടൻ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *