ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ; ജാമ്യമില്ലാ വകുപ്പ് ചുമത്തി.

തിരുവനന്തപുരം:  സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ തുടർന്നേക്കുമെന്നും, റിമാൻഡ് റിപ്പോർട്ട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നും അറിയിച്ചു.

പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതെ ആദ്യം വിട്ടയച്ചു. തുടർന്നു മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇവരെ ഫോണിൽ വിളിച്ചു വീണ്ടും സ്റ്റേഷനിലെത്തിച്ചു മൊഴി രേഖപ്പെടുത്തിയത്.

ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടർനടപടികളുമെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകി.അപകടസമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയും ഇതുതന്നെയാണ് പൊലീസിൽ അറിയിച്ചതെന്നും കമ്മിഷണർ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളിയാണ് കമ്മിഷണർ വിശദീകരണം നൽകിയത്..

അപകടസമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്നു മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ എല്ലായിടത്തും സിസിടിവി വയ്ക്കാനാവില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി.

 

Leave a Reply

Your email address will not be published. Required fields are marked *