കാര്‍ഷിക കാര്‍ഷികേതര വായ്പ മൊറട്ടോറിയം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരാൻ മന്ത്രിസഭാ യോഗതീരുമാനം

തിരുവനന്തപുരം: കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകള്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസുകള്‍ നല്‍കുന്ന സാഹചര്യം കൂടി വരികയാണ്. കര്‍ഷകര്‍ എടുത്ത കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും കഴിഞ്ഞ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം എസ്എല്‍ബിസി തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിസര്‍വ് ബാങ്കിന്‍റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രായോഗികതലത്തില്‍ നടപ്പായില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നതു സംബന്ധിച്ചു പ്രത്യേക അനുമതിക്കായി എസ്എല്‍ബിസി റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്നും നല്‍കിയിരുന്നുവെങ്കിലും ഈ കത്തിനും  മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ചു പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്

ഓഖിയില്‍ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിങ്ങിനെ വിനോദ സഞ്ചാര  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കൃഷി-മൃഗസംരക്ഷണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കും.

പഠനാവധി കഴിഞ്ഞു തിരികെ പ്രവേശിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആൻഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിക്കും. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ അധിക ചുമതലകളും വഹിക്കും. തലസ്ഥാന നഗര വികസന പദ്ധതി രണ്ടില്‍ സ്പെഷല്‍ ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനായ റിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. ബാലകൃഷ്ണനെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *