സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: കാണാതായ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു ബോളാർ ഹൊയ്ഗെ ബസാർ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗളൂരു – കാസർകോട് ദേശീയപാതയിൽ നേത്രാവതിയിലെ പാലത്തിൽ സിദ്ധാർഥയെ കണാതായത്. ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ്.

തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നു സകലേഷ്പുര, മംഗളൂരു വഴി കേരളത്തിലെ തലപ്പാടി ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് സിദ്ധാർഥയെ കാണാതായത്. രാത്രി 7.45 ന് മംഗളൂരുവിൽനിന്ന് 7 കിലോമീറ്റർ പിന്നിട്ട് നേത്രാവതി പാലത്തിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടുവെന്നു ഡ്രൈവർ പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടു കാറിൽനിന്നിറങ്ങിയ അദ്ദേഹം 800 മീറ്റർ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നുവെന്നു ഡ്രൈവർ പറയുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞപ്പോൾ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി പരിശോധിച്ചു. കാണാതെ വന്നപ്പോൾ കുടുംബത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നേത്രാവതി പുഴയിൽ വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *