കർണാടകയിൽ 14 വിമതരെക്കൂടി അയോഗ്യരാക്കി; വിശ്വാസവോട്ട് നാളെ

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് – ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 14 എംഎൽഎമാരേക്കൂടി സ്പീക്കർ കെ.ആർ. രമേഷ്കുമാർ അയോഗ്യരാക്കി. വിപ്പ് ലംഘിച്ച കോൺഗ്രസിന്റെ പതിനൊന്നും ജനതാദൾ എസ്സിന്റെ മൂന്നും എംഎൽഎമാരെയാണ് സ്പീക്കർ ഇന്ന് അയോഗ്യരായി പ്രഖ്യാപിച്ചത്. മൂന്ന് എംഎൽഎമാരെ നേരത്തേതന്നെ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ എണ്ണം 17 ആയി.

കർണാടക നിയമസഭയിലെ ആകെ അംഗബലം 207 ആയി ചുരുങ്ങുകയും ചെയ്തു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ 104 പേരുടെ പിന്തുണയുണ്ടെങ്കിൽ യെഡിയൂരപ്പ സർക്കാരിന് ഭരണം നിലനിർത്താം. കഴിഞ്ഞ ദിവസം കുമാരസ്വാമി സർക്കാരിന്റെ വിശ്വാസപ്രമേയത്തെ എതിർത്ത് 105 എംഎൽഎമാർ വോട്ടു ചെയ്തിരുന്നു.

ബെംഗളൂരുവിൽ പ്രത്യേക വാർത്താസമ്മേളനം വിളിച്ചാണ് വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തീരുമാനം സ്പീക്കർ പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടിൽ പങ്കെടുക്കാതെ മുംബൈ ആശുപത്രിയിൽ കഴിഞ്ഞ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീൽ ഉൾപ്പെടെ 14 വിമതർക്ക് എതിരെയൊണ് സ്പീക്കർ ഇന്നു നടപടി സ്വീകരിച്ചത്. കോൺഗ്രസ് എംഎൽഎമാരായിരുന്ന രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, കോൺഗ്രസിൽ ലയിക്കാൻ കത്തു നൽകിയിട്ടു ബിജെപിയിലേക്കു കൂറുമാറിയ കർണാടക പ്രജ്ഞാവന്ത പാർട്ടി എംഎൽഎ ആർ.ശങ്കർ എന്നിവരെ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. സ്പീക്കർ അയോഗ്യരാക്കിയ 17 വിമതർക്ക് ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. നടപടി നിയമസഭാ കാലാവധി തീരും വരെ ആയതിനാൽ, സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് വന്നാലേ ഇവർക്കു സ്ഥാനാർഥിയാകാനാകൂ. ബിജെപിയുടെ ബദൽ സർക്കാരിൽ മന്ത്രിമാരാകാനോ ബോർഡ് കോർപറേഷൻ തലവന്മാരാകാനോ കഴിയില്ല. 3 വർഷവും 9 മാസവും കൂടി നിയമസഭയ്ക്കു കാലാവധിയുണ്ട്. ഭരണഘടനയിലെ 10ം പട്ടികയിൽ ഉൾപ്പെട്ട കൂറുമാറ്റനിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനു വ്യക്തമായ തെളിവുള്ളതിനാലാണു നടപടിയെന്ന് സ്പീക്കർ കെ.ആർ.രമേഷ്കുമാർ വ്യക്തമാക്കി. ഇതിനെതിരെ വിമതർക്കു ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് അയോഗ്യരാക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ: പ്രതാപ് ഗൗഡ പാട്ടീൽ (മസ്കി), ശിവറാം ഹെബ്ബാർ (യെല്ലാപുര), ബി.സി. പാട്ടീൽ (ഹിരെകേരൂർ), ബി. ബാസവരാജ് (കെ.ആർ. പുര), എസ്.ടി. സോമശേഖർ (യശ്വന്തപുര), കെ.സുധാകർ (ചികബല്ലാപുര), എം.ടി.ബി. നാഗരാജ് (ഹൊസ്കോട്ടെ), ശ്രീമന്ത് പാട്ടീൽ (കഗ്‌വാദ്), റോഷൻ ബെയ്‍ഗ് (ശിവാജിനഗർ), ആനന്ദ് സിങ് (വിജയനഗർ), മുനിര‌ത്‌ന (രാജരാജേശ്വരി നഗർ).

അയോഗ്യരാക്കപ്പെട്ട ജെഡിഎസ് എംഎൽഎമാർ: എ.എച്ച്. വിശ്വനാഥ് (ഹുൻസൂർ), നാരായണ ഗൗഡ (കെആർ പേട്ട്), കെ.ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്).

Leave a Reply

Your email address will not be published. Required fields are marked *